
ദോഹ: രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ച രണ്ട് വിദേശ ചാരസെല്ലുകളെ ഖത്തർ സുരക്ഷാ സേന പിടികൂടി. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) നേരിട്ട് ബന്ധമുള്ള പത്തംഗ സംഘമാണ് പിടിയിലായതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എ (QNA) റിപ്പോർട്ട് ചെയ്തു.
അതീവ രഹസ്യമായി നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് പത്ത് പ്രതികളെയും അധികൃതർ വലയിലാക്കിയത്.
രാജ്യത്തെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, സിവിൽ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചോർത്തുകയായിരുന്നു ഇവരുടെ പ്രധാന ദൗത്യം.
അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ച് രാജ്യത്ത് സ്ഫോടനങ്ങളോ മറ്റ് അട്ടിമറി പ്രവർത്തനങ്ങളോ നടത്താൻ പ്രത്യേക പരിശീലനം ലഭിച്ചവരായിരുന്നു ഇവരിൽ മൂന്ന് പേർ.ചോദ്യം ചെയ്യലിൽ തങ്ങൾ ഇറാനിയൻ റെവല്യൂഷണറി ഗാർഡിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും, ഖത്തറിൽ ചാരപ്രവൃത്തിക്കും അട്ടിമറിക്കും നിയോഗിക്കപ്പെട്ടവരാണെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.രാജ്യത്തെ പൗരന്മാരും താമസക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് അറിയിച്ചു. സംശയാസ്പദമായ സാഹചര്യങ്ങളോ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ വൈകാതെ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.











